Monday, June 9, 2008

നീ

ഞാനെന്ന താമരയിലയില്‍
തുളുമ്പിയൊടുന്ന ജലത്തുള്ളിയാണു നീ
നിനക്കെന്നിലേക്ക്‌ ഒരിക്കലും
ഉരുകിയിറങ്ങാനാവില്ല.
നിന്നെ കൈക്കുമ്പിളില്‍ ഒതുക്കാന്‍
എനിക്ക്‌ കഴിവില്ല.
എന്റെ ഭീതി നിന്റെ അഗാധതയിലേക്കുള്ള
തിരിച്ചു പോക്കാണു.
എന്റെ ചലനങ്ങള്‍ നിന്നെ
എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുത്തിയെക്കാം..
എങ്കിലും നിന്നിലെ ഏഴുനിറങ്ങളില്‍
ഞാന്‍ മുങ്ങിപ്പോയിരിക്കുന്നു...
ഈ സ്നേഹത്തിന്റെ ആയുസ്സിനെ
ഞാന്‍ മറന്നു പോയിരിക്കുന്നു...

എന്റെ ശൂന്യതയിലെ ഒച്ചപ്പാടുകള്‍
നീ കേള്‍ക്കുന്നില്ല
എന്നിലെ ജീവന്റെ തുടിപ്പു
നീ അറിയുന്നില്ല
നിന്റെ വിരല്‍ തൊടുമ്പൊഴും
നമ്മെ വേര്‍പിരിക്കുന്ന ചില്ലുപാളി
നീ കാണുന്നില്ല.
നിനക്കത്‌ പൊളിച്ചു
എന്റെ അടുത്തെത്താനാവും.
പക്ഷെ മുറിയുക നിന്റെ
കൈകളും ഹൃദയവുമാണു.
അതുകൊണ്ടു,ഞാനൊരിക്കലും
നിന്നെ ഉറക്കെ വിളിക്കുകയില്ല.

നീയെന്നില്‍ നാഡിമിടിപ്പായി
ആദ്യം കൈത്തണ്ടയില്‍
പിന്നെ ഹൃദയത്തില്‍
മിടിച്ചു കൊണ്ടു
നിന്റെ അസ്തിത്വത്തെ
അറിയിച്ചു കൊണ്ടേയിരിക്കുന്നു
ഈ മിടിപ്പിനൊത്ത്‌ എന്റെ
നീല ഞരമ്പുകളിലൂടൊഴുകുന്ന
രക്തത്തിനു നിന്റെ ചൂട്‌.
അതിനു നിന്റെ മണം.
അത്‌ എന്റെ മൂര്‍ധാവില്‍ തുടങ്ങി
ഊപ്പുറ്റിയിലേയ്ക്കു പ്രവഹിച്ചു
കൊണ്ടേയിരിക്കുന്നു.
മനസ്സിന്റെ അടിത്തട്ടിലും
അബോധതലങ്ങളിലും
നിന്റെ വിരല്‍പ്പാടുകള്‍
എന്റെ കണ്ണുകളിലേയ്ക്കു നോക്കി
നീ നിന്നെ അറിയാന്‍ തുടങ്ങുന്നു.

ഞാന്‍ നിന്റെ കാന്തിക വലയത്തിലാണു.
ഓടിത്തളരുമ്പോഴേയ്ക്കും നീ
നിന്നിലേയ്ക്കു പിന്നെയും പിന്നെയും
വലിച്ചിഴയ്ക്കുന്നു.
എന്റെ പരാജയത്തെ
ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു.
ഓടിയകലുമ്പൊഴേയ്ക്കും പിറകിലെത്തുന്ന
ആ ദ്രിഡകരസ്പര്‍ശത്തെ
ഞാന്‍ പ്രതീക്ഷിക്കുന്നു..
കാരണം ഈ യാത്ര
നിറഞ്ഞ ഇരുട്ടിലേയ്ക്കാണു.

നീ ഒരു മാന്ത്രികനാണു.
നിന്റെ മന്ത്രവടികൊണ്ടു
നിയന്ത്രിക്കാവുന്ന
വെള്ളരിപ്രാവാണു ഞാന്
‍മന്ത്രവടിയുയരുമ്പോള്‍
എന്റെ ഹൃദയമിടിപ്പുയരുന്നു....
എന്റെ സത്ത
നിന്റെ നക്ഷത്ര വടിക്കുള്ളിലാണു.
നീ നിന്റെ മന്ത്രവടികൊണ്ടെന്നെ
അമ്മാനമാടുകയാണു.

ഞാന്‍ താണിറങ്ങുകയാണു.
ചതുപ്പുനിലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈ
ഇപ്പോള്‍ നിനക്ക്‌ കാണാം..
എന്നെ ഉയിര്‍ത്തെഴുന്നെല്‍പ്പിച്ചാല്‍
നിനക്കെന്തു ലാഭം?
എനിക്കു തരാന്‍ സ്വര്‍ഗരാജ്യം
നിന്റെ കൈയ്യിലുണ്ടൊ?
നീ ഒരുനിമിഷം ചിന്തിച്ചു.
പിന്നെ എന്റെ കൈവിട്ടു
എങ്ങോട്ടൊ പോയ്ക്കളഞ്ഞു.

ഞാന്‍ നിന്നില്‍ നിന്നും ബഹുദൂരം
സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
തിരയൊഴിഞ്ഞ കടലിന്റെ നിശബ്ദത
എന്നിട്ടും ഞാന്‍ അസ്വസ്തയാണു.
മുഖം മൂടികളില്‍ നിന്നും
എനിക്കു മോചനമില്ല.
ഒരുദിനം എനിക്കു മടങ്ങണം.
അമ്മയുടെ മടിത്തട്ടിലേയ്ക്കു.
അവിടെ നിറഞ്ഞ ശാന്തതയാണു.
എനിക്കു നന്നായൊന്നുറങ്ങണം
ഒരു താരാട്ടിന്റെ ഈണത്തില്‍
‍അമര്‍ന്നു അങ്ങിനെ,അങ്ങിനെ,അങ്ങിനെ...

ഊരിയെറിയാനാവാത്ത
മുള്‍ക്കിരീടം പേറി
ഞാനും നില്‍ക്കയാണു.
നിന്നെ പോലെ പുഞ്ചിരിച്ചു...
വാര്‍ന്നൊഴുകുന്ന രക്തം തുടച്ചു
കണ്ണില്‍ സ്നേഹം നിറച്ചത്‌ അവനാണു.
കണ്ണില്‍ സ്നേഹം പടര്‍ന്നപ്പോള്
‍ഞാന്‍ മറന്നത്‌ എന്നേയും
ഈ ലോകത്തെയും
കണ്മഷി ഹൃദയത്തില്‍
ഒഴുകിയിറങ്ങുമ്പോള്
‍എനിയ്ക്കു പേടിയാണു.
ഈ ലോകത്തെ...
ആണയിട്ടുറപ്പിച്ചാലും
ചാഞ്ചാടുന്ന വിധിയുടെ
അദ്രിശ്യഹസ്തത്തെ...
ഞാന്‍ സംശയിക്കുന്നു...
നിന്റെ പ്രണയത്തിന്റെ അസ്തിത്വത്തെ
കാമത്തിന്റെ വിളയാട്ടം കണ്ടു
മഞ്ഞളിച്ച കണ്ണുകള്‍ക്കു
ഒക്കെ പേടിയാണു....

18 Comments:

At June 10, 2008 at 4:07 AM , Blogger Jayasree Lakshmy Kumar said...

.......ഠേ........

തേങ്ങ ഞാനുടച്ചു സീമ. നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍

 
At June 10, 2008 at 4:13 AM , Blogger ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്.
:)

 
At June 10, 2008 at 5:12 AM , Blogger ഫസല്‍ ബിനാലി.. said...

വളരെ ഹൃദ്യമായി തോന്നി, വായിച്ചു കഴിഞ്ഞപ്പോഴും മനസ്സുടക്കി നിന്നത് ആദ്യത്തെ പത്തു പതിനാലു വരികളില്‍ തന്നെ..
ആശംസകള്‍

 
At June 10, 2008 at 5:27 AM , Blogger Sarija NS said...

സീമാ, നന്നായിരിക്കുന്നു ദു:ഖത്തിണ്റ്റെ ഒരു കുറുകല്‍ ഇപ്പോഴും നെഞ്ചില്‍... പക്ഷെ അവസാന വരികള്‍ വല്ലാതെ തീക്ഷ്ണമായതു പോലെ... അതു ഒറ്റപ്പെട്ടു നില്‍ക്കണ പോലെ തോന്നി

 
At June 10, 2008 at 6:41 AM , Blogger Unknown said...

ഈ ലോകത്തെ...
ആണയിട്ടുറപ്പിച്ചാലും
ചാഞ്ചാടുന്ന വിധിയുടെ
അദ്രിശ്യഹസ്തത്തെ...
ഞാന്‍ സംശയിക്കുന്നു...
നല്ല വരികള്‍

 
At June 11, 2008 at 3:46 AM , Blogger കാവലാന്‍ said...

ചില കവിതകള്‍ ആസ്വാദനത്തിന്റെ ഒരു പുതു ലോകത്തേയ്ക്കു വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍
ചിലത് മൗനത്തിന്റെ വാത്മീകമാണു പണിയുന്നത് വായനക്കരനു ചുറ്റും.അരിച്ചു നടക്കുന്ന ചിന്തകള്‍ നിറഞ്ഞ ഒരു വാത്മീകം.

കവിതയേക്കാള്‍ അതു തരുന്ന ഫീല്‍ മികച്ചു നില്‍ക്കുന്നു.
അഭിനന്ദനങ്ങള്‍.

 
At June 11, 2008 at 1:47 PM , Blogger അബ്ദുല്‍ സമദ്‌ said...

കവിത വായിച്ചു.
ആകെ 109 വരികള്‍.
ഒന്നില്‍നിന്നും
109ലേക്കു നീളുന്ന
വരികള്‍ വായിക്കുന്നത്‌
ഇതാദ്യം.
ആദ്യത്തെ 14 വരികളില്‍
കാണുന്ന വാക്കുകളുടെ
മിതത്വം
തുടര്‍ന്നുള്ള വരികളില്‍
പാലിക്കുന്നുണ്ടോയെന്നു
സംശയം.
തികച്ചും സാധാരണ വായനക്കാരന്റെ
പക്ഷത്തുനിന്നുള്ളത്‌.
ഒരു പക്ഷേ.. ഈയുള്ളവന്റെ
തോന്നല്‍ മാത്രമാകാം.
എങ്കിലും..
സങ്കേതവും ഭാവതലങ്ങളും
വിസ്‌മയിപ്പിച്ചു.
വെറുംവാക്കല്ല.. പുകഴ്‌ത്തലുമല്ല.
സത്യം പറഞ്ഞത്‌.
മനസ്സില്‍ മനുഷ്യന്റെ കൈയൊപ്പുള്ള
അഭിനന്ദനങ്ങള്‍.

 
At June 12, 2008 at 9:01 AM , Blogger Sureshkumar Punjhayil said...

Good work... Best Wishes...!

 
At June 13, 2008 at 12:51 AM , Blogger Seema said...

വായിച്ച്ചവര്‍ക്കൊക്കെ നന്ദി.അബ്ദുള്‍ സമദ് പറഞ്ഞത് പോലെ വാക്കിന്റെ അതിപ്രസരം ഉണ്ടെന്നു തോന്നുന്നു.കവിത ഇഷ്ടപ്പെട്ടുന്നു അറിഞ്ഞു സന്തോഷമുണ്ട് ...

 
At June 16, 2008 at 1:47 AM , Blogger ഒരു സ്നേഹിതന്‍ said...

കവിത നന്നായിരിക്കുന്നു....
ആദ്യവരികള്‍ കൂടുതല്‍ മികവു പുലര്‍ത്തി...
ആശംസകള്‍...

 
At June 17, 2008 at 1:39 PM , Blogger അബ്ദുല്‍ സമദ്‌ said...

എന്തേയ്‌...
എന്തുപറ്റി?
പുതിയ കവിതകളൊന്നും
കാണുന്നില്ലല്ലോ.....

 
At June 19, 2008 at 7:37 AM , Blogger Sapna Anu B.George said...

സ്നേഹത്തിലൂടെ പ്രേമത്തിലൂടെ,കാമത്തിലൂടെ ...വികാരങ്ങളുടെ വിളയാട്ടം, വളരെ നല്ലവരികള്‍

 
At June 21, 2008 at 10:59 AM , Blogger Ranjith chemmad / ചെമ്മാടൻ said...

സീമ, ഈ വഴി വന്നിട്ടു
കുറേയായിരുന്നു.
കവിത നന്നായിട്ടുണ്ട്.

പിന്നെ കവിത എപ്പോഴും
ഒരു ഗ്രാമീണ സുന്ദരിയുടെ
നേര്‍ രൂപം പോലെയാകണമെന്നാണ്‌
ഞാന്‍ വിശ്വസിക്കുന്നത്.
അതായത് അനാവശ്യമായതൊന്നും
അനാവൃതമാക്കരുത്,
ഭാഷണത്തില്‍ മിതത്വം,
പിടഞ്ഞടയുന്ന കണ്ണുകളുടെ
മിന്നലാട്ടത്തില്‍
സറ്വ്വ ഭാവങ്ങളും
തെളിയിക്കാന്‍ കഴിയണം,
ദറ്ശനത്തിന്റെ ആദ്യമാത്രയില്‍
അല്പ്പനാണത്താല്‍
കുനിഞ്ഞുപോകുന്നതിനാല്‍
മുഴുവനും വായിച്ചെടുക്കാന്‍ കഴിയാതെ,
വായനയുടെ ആവറ്ത്തനത്തില്‍
ഒരിക്കലും തീരാത്ത
പുതിയ കൗതുങ്ങളിലേക്ക്,
ഒരിക്കലും പൂറ്ണ്ണമായും
വായിച്ചെടുക്കാന്‍ കഴിയാതെ,
വായിക്കുന്നവന്റെ വ്യാപ്തിയില്‍
നാനറ്ത്ഥങ്ങള്‍ രൂപപ്പെടുന്ന പോലെ,
അങ്ങനെയങ്ങനെ......

 
At June 23, 2008 at 8:41 AM , Blogger CJ said...

ഞാന്‍ താണിറങ്ങുകയാണു.
ചതുപ്പുനിലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈ
ഇപ്പോള്‍ നിനക്ക്‌ കാണാം..
എന്നെ ഉയിര്‍ത്തെഴുന്നെല്‍പ്പിച്ചാല്‍
നിനക്കെന്തു ലാഭം?
"എനിക്കു തരാന്‍ സ്വര്‍ഗരാജ്യം
നിന്റെ കൈയ്യിലുണ്ടൊ?"
ആശയ കുഴപ്പമുണ്ടക്കുന്നു കെട്ടോ.."നിനക്കു തരാന്‍ ‍സ്വര്‍ഗരാജ്യം
എന്റെ കൈയ്യിലുണ്ടൊ?"..."നീ ഒരു നിമിഷം ചിന്തിച്ചു" എന്ന വരികളാണു സാധൂകരണം..എന്നാലും....

 
At June 23, 2008 at 9:46 PM , Blogger Seema said...

രഞ്ജിത് പറഞ്ഞത് ശെരിയാണു...ഗ്രാമീണ യുവതി അല്ല....പട്ടണത്തിലെ യുവതിാണു ഈ കവിത...ഹ്രിദയത്തെ വക്കുകളിലെക്കു കൊണ്ടൂവന്നില്ലെങ്കില്‍ അവളുടേ മനസ്സു ആരും അറിയാതെ പോവും...കാരണം കണ്ണുകളില്‍ നിന്നും പ്രണയം വായിച്ചെടുക്കനുള്ള കഴിവു അവളെ കാണുന്ന വികാരശുന്യന്മാര്‍ക്കു നഷ്റ്റമായിരിക്കുന്നു...അവളുടെ വികാരത്തിന്റെ തീക്ഷ്നത ഹ്രിദയം പൊള്ളുമ്പൊള്‍ വാക്കുകളുടേ അതിപ്രസരമായി എവിടെയും ചിതറിവീഴുന്നു....


cj ....ഒരു ബന്ധത്തിന്റെ സുരക്ഷിതത്വത്തെ പറ്റിയുള്ള ആശങ്കയാണ്‍ ഉദ്ദെശിച്ചത്...

...ഒരു നിമിഷത്തെ ചിന്ത കൊണ്ട് തന്നെ അവനു അവള്‍ ഉദ്ദേശിക്കുന്ന സ്വര്‍ഗരാജ്യം കൊടുക്കാന്‍ കഴിവില്ലെന്നു മനസ്സിലായി.... മാത്രമല്ല ആ ഒരു ഡീലില്‍ അവനു പ്രത്യേകിചൊരു ലാഭവും കിട്ടാനില്ലെന്നു അവള് ഓര്‍മിപ്പിച്ചപ്പൊള്‍ അവന്‍ വേഗം നടന്നകന്നു.......ഇപ്പൊള്‍ അതിലെ ആശക്കുഴപ്പം മാറിയെന്നു വിശ്വസിക്കുന്നു....

 
At June 24, 2008 at 2:32 AM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

:)
good.
Please remove the word verification :)

 
At June 24, 2008 at 2:46 AM , Blogger CJ said...

നാന്‍ കരുതിയത് അവളുടെ കയ്യില്‍ അവനു കൊടുക്കാന്‍ ഒരു സ്വര്‍ഗ്ഗരാജ്യം ഇല്ലെന്ന് അവന്‍ ചിന്തിച്ചു എന്നാണു.അതാണു ആശയക്കുഴപ്പമുണ്ടാക്കിയത്....

 
At June 27, 2008 at 12:56 AM , Blogger Sanal Kumar Sasidharan said...

ബ്ലൊഗിലെ എന്റെ വായന്‍ വളരെ പരിമിതവും പരിതാപകറവും ആണെന്ന് എന്നെ ഓര്‍മ്മിപ്പിച്ചു ഈകവിത.ചതുപ്പു നിലത്ത് ഉയര്‍ന്നു നില്‍ക്കുന്ന കൈ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു.കണ്ടതില്‍ സന്തോഷം

 

Post a Comment

Subscribe to Post Comments [Atom]

<< Home