Sunday, March 30, 2008

തിരിഞ്ഞു നോട്ടം...

ഒരിക്കല്‍ പിന്നിട്ട വഴികളിലേക്ക്‌
തിരിച്ചു പോവരുതെ...
പരിചിതമായ വഴികളും
കാല്‍ പെരുമാറ്റവും
അപരിചിതത്വത്തിന്റെ
തീക്കനലുകള്‍ സൃഷ്ടിച്ചേക്കാം...
അത് മനസ്സിലെ ചിത്രങ്ങളില്‍
കരി പടര്ത്തും പോലാവും ...
ഒരു തിരിഞ്ഞു നോട്ടം
നഷ്ടപ്പെടുത്തുന്നത്
കെട്ടി ഉയര്‍ത്തിയ
പൂഴിമണ്ണ്‍ ഗോപുരങ്ങളാവും ...
കൂകിപ്പായുന്ന തീവണ്ടിയെ പോലെ
നമുക്കും നിസംഗരാവാം ...

Tuesday, March 4, 2008

പ്രണയം


1

പ്രണയം പതിയെ ഒഴുകുന്ന

കൊച്ചരുവി ആണ്

അത് ഒഴുകി ഇറങ്ങട്ടെ.

കാണാത്ത സമതലങ്ങളിലുടെ

പുതുപുത്തന്‍ സംസ്കാരങ്ങള്‍ സൃഷ്ടിച്ചു

കഥകള്‍ സൃഷ്ടിച്ച്

അറിയാത്ത വരണ്ട ഭു‌മികളില്‍

ഒഴുകി ഇറങ്ങട്ടെ!

നിങ്ങള്‍ അവയില്‍

അണക്കെട്ടുകള്‍ സൃഷ്ടിക്കാതിരിക്കൂ

ഒഴുക്കില്ലാത്ത വെള്ളത്തിലും,

സ്നേഹത്തിലും മുഴുവന്‍ അഴുക്കാണ്.

2

നീ പറയുന്നതിനേക്കാള്‍

നിന്റെ കണ്ണുകളിലെ പ്രണയം

നീയറിയാതെ വായിച്ചെടുക്കാനാണ് എനിക്കിഷ്ടം.

ഈ മനസ്സിന്റെ കമ്പനങ്ങള്‍

ഒരു സ്പര്‍ശനത്തിലൂടെ

അറിയാനാണ് എനിക്കിഷ്ടം

ഏത് ഭാവപ്പകര്‍ച്ചയിലും

ഈ ഹൃദയത്തിലെ ചൂട്

എനിക്കായി നീ

മാറ്റിവച്ചിരിക്കുന്നുവെന്നു

അറിയാനാണെനെനിക്കിഷ്ടം.

താളങ്ങള്‍ മുറുകുമ്പോള്‍

ചുവടുകള്‍ തെറ്റാതെ

നിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി

നിന്റെ ഗാനങ്ങള്‍ക്ക് താളമായി

നിന്റെതായി മാറാനാണ് എനിക്കിഷ്ടം.

3

എന്റെ പ്രണയം കടലെടുത്തു

സ്വപ്‌നങ്ങള്‍ വടക്കന്‍ കാറ്റില്‍

പറന്ന് പോയി

ബാക്കിയുള്ള ഈ ശരീരം

ആരോ അടിച്ചുവാരി വളപ്പിലെറിഞ്ഞു.

4

നിന്റെ പ്രണയം

മനസ്സിനെ മയക്കുന്ന കറുപ്പാണ്‌.

ഈ ആസക്തി എന്നില്‍ പഴകിയിരിക്കുന്നു

നിന്റെ ശബ്ദവും അക്ഷരങ്ങളും

എന്നെ മായലോകത്ത് എത്തിക്കുന്നു.

ഈ ശുന്യത എന്നില്‍ ഭ്രാന്ത് നിറയ്ക്കുന്നു.

ഈ കറുപ്പിനായ്ഞാന്‍ കാത്തിരിക്കുന്നു

5

എന്റെ ജല്പനങ്ങളുംവ്യഥകളും

നിനക്ക്ഒരു ഭ്രാന്തിയുടേതെന്നു തോന്നുന്നുവോ?

രാത്രിയിലെ ചീവീടുകളും

കണ്ണുരുട്ടുന്ന മൂങ്ങകളും

എന്റെ സുഹൃത്തുക്കളായി മാറുന്നു.

നിശബ്ദതയില്‍ ഞാന്‍

നിന്നെ ഉറക്കെ വിളിക്കുമ്പോള്‍

ആല്‍മരത്തിലെ വവ്വാലുകള്‍

ആകാശത്തിലേക്കു പറന്നുയരുന്നു.

നീ ഒന്നുമറിയാതെ തളര്‍ന്നുറങ്ങുകയാണ്.

എന്നെയും എന്റെ സ്വപ്നങ്ങളെയുംകാണാതെ ...