Tuesday, June 24, 2008

ജീവിതം

1
അനശ്ചിതത്വത്തിന്റെ
മാറാലയില്‍
കുടുങ്ങിപ്പോയ
ചെറു പ്രാണിയാണു
ജീവിതം.
എട്ടുകാലി
ഏതൊ മൂലയില്
‍കാത്തിരിക്കുന്നു.
നിമിഷങ്ങള്‍
എണ്ണപ്പെടുമ്പോഴും
ത്രിഷ്ണ ശമിക്കുന്നില്ല...
ചിറകടിച്ചു പറക്കാന്‍
തുടങ്ങി തളര്‍ന്നു
താഴെവീണു എട്ടുകാലിയ്ക്ക്
ഭക്ഷണമാവുന്നു....
2
ജീവിതത്തിന്റെ പൂര്‍ണ്ണത
കാണിച്ചു തരുന്നത്
ചുരുക്കം നിമിഷങ്ങളാണു
നിമിഷങ്ങളില്‍ ജീവിച്ചു
പിന്നെ ഓര്‍മകളിലൂടെ
മുന്നോടു പോവുന്നു.
പിന്നെയും പിന്നേയും
പാറകളിലടിച്ചു
പിന്തിരിഞ്ഞോടുന്ന
തിരകളെ പോലെ
അനുഭവങ്ങളുടെ
കുത്തൊഴുക്കു
അവസാനിക്കുന്നതേയില്ല.
അസ്തമയങ്ങള്‍ക്കു
കൊടുക്കാന്‍
‍കൈമുതലായി
അനുഭവങ്ങള്‍ മാത്രം.
രാത്രിയാവുന്നതോടെ
ഒക്കെ ശാന്തമാവുന്നു....
പിന്നെ ഉണരാത്ത
ഉറക്കമാണു.
സ്വപ്നങ്ങള്‍ ഇല്ലാത്ത
നീണ്ട നിദ്ര....

Monday, June 9, 2008

നീ

ഞാനെന്ന താമരയിലയില്‍
തുളുമ്പിയൊടുന്ന ജലത്തുള്ളിയാണു നീ
നിനക്കെന്നിലേക്ക്‌ ഒരിക്കലും
ഉരുകിയിറങ്ങാനാവില്ല.
നിന്നെ കൈക്കുമ്പിളില്‍ ഒതുക്കാന്‍
എനിക്ക്‌ കഴിവില്ല.
എന്റെ ഭീതി നിന്റെ അഗാധതയിലേക്കുള്ള
തിരിച്ചു പോക്കാണു.
എന്റെ ചലനങ്ങള്‍ നിന്നെ
എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുത്തിയെക്കാം..
എങ്കിലും നിന്നിലെ ഏഴുനിറങ്ങളില്‍
ഞാന്‍ മുങ്ങിപ്പോയിരിക്കുന്നു...
ഈ സ്നേഹത്തിന്റെ ആയുസ്സിനെ
ഞാന്‍ മറന്നു പോയിരിക്കുന്നു...

എന്റെ ശൂന്യതയിലെ ഒച്ചപ്പാടുകള്‍
നീ കേള്‍ക്കുന്നില്ല
എന്നിലെ ജീവന്റെ തുടിപ്പു
നീ അറിയുന്നില്ല
നിന്റെ വിരല്‍ തൊടുമ്പൊഴും
നമ്മെ വേര്‍പിരിക്കുന്ന ചില്ലുപാളി
നീ കാണുന്നില്ല.
നിനക്കത്‌ പൊളിച്ചു
എന്റെ അടുത്തെത്താനാവും.
പക്ഷെ മുറിയുക നിന്റെ
കൈകളും ഹൃദയവുമാണു.
അതുകൊണ്ടു,ഞാനൊരിക്കലും
നിന്നെ ഉറക്കെ വിളിക്കുകയില്ല.

നീയെന്നില്‍ നാഡിമിടിപ്പായി
ആദ്യം കൈത്തണ്ടയില്‍
പിന്നെ ഹൃദയത്തില്‍
മിടിച്ചു കൊണ്ടു
നിന്റെ അസ്തിത്വത്തെ
അറിയിച്ചു കൊണ്ടേയിരിക്കുന്നു
ഈ മിടിപ്പിനൊത്ത്‌ എന്റെ
നീല ഞരമ്പുകളിലൂടൊഴുകുന്ന
രക്തത്തിനു നിന്റെ ചൂട്‌.
അതിനു നിന്റെ മണം.
അത്‌ എന്റെ മൂര്‍ധാവില്‍ തുടങ്ങി
ഊപ്പുറ്റിയിലേയ്ക്കു പ്രവഹിച്ചു
കൊണ്ടേയിരിക്കുന്നു.
മനസ്സിന്റെ അടിത്തട്ടിലും
അബോധതലങ്ങളിലും
നിന്റെ വിരല്‍പ്പാടുകള്‍
എന്റെ കണ്ണുകളിലേയ്ക്കു നോക്കി
നീ നിന്നെ അറിയാന്‍ തുടങ്ങുന്നു.

ഞാന്‍ നിന്റെ കാന്തിക വലയത്തിലാണു.
ഓടിത്തളരുമ്പോഴേയ്ക്കും നീ
നിന്നിലേയ്ക്കു പിന്നെയും പിന്നെയും
വലിച്ചിഴയ്ക്കുന്നു.
എന്റെ പരാജയത്തെ
ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു.
ഓടിയകലുമ്പൊഴേയ്ക്കും പിറകിലെത്തുന്ന
ആ ദ്രിഡകരസ്പര്‍ശത്തെ
ഞാന്‍ പ്രതീക്ഷിക്കുന്നു..
കാരണം ഈ യാത്ര
നിറഞ്ഞ ഇരുട്ടിലേയ്ക്കാണു.

നീ ഒരു മാന്ത്രികനാണു.
നിന്റെ മന്ത്രവടികൊണ്ടു
നിയന്ത്രിക്കാവുന്ന
വെള്ളരിപ്രാവാണു ഞാന്
‍മന്ത്രവടിയുയരുമ്പോള്‍
എന്റെ ഹൃദയമിടിപ്പുയരുന്നു....
എന്റെ സത്ത
നിന്റെ നക്ഷത്ര വടിക്കുള്ളിലാണു.
നീ നിന്റെ മന്ത്രവടികൊണ്ടെന്നെ
അമ്മാനമാടുകയാണു.

ഞാന്‍ താണിറങ്ങുകയാണു.
ചതുപ്പുനിലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈ
ഇപ്പോള്‍ നിനക്ക്‌ കാണാം..
എന്നെ ഉയിര്‍ത്തെഴുന്നെല്‍പ്പിച്ചാല്‍
നിനക്കെന്തു ലാഭം?
എനിക്കു തരാന്‍ സ്വര്‍ഗരാജ്യം
നിന്റെ കൈയ്യിലുണ്ടൊ?
നീ ഒരുനിമിഷം ചിന്തിച്ചു.
പിന്നെ എന്റെ കൈവിട്ടു
എങ്ങോട്ടൊ പോയ്ക്കളഞ്ഞു.

ഞാന്‍ നിന്നില്‍ നിന്നും ബഹുദൂരം
സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
തിരയൊഴിഞ്ഞ കടലിന്റെ നിശബ്ദത
എന്നിട്ടും ഞാന്‍ അസ്വസ്തയാണു.
മുഖം മൂടികളില്‍ നിന്നും
എനിക്കു മോചനമില്ല.
ഒരുദിനം എനിക്കു മടങ്ങണം.
അമ്മയുടെ മടിത്തട്ടിലേയ്ക്കു.
അവിടെ നിറഞ്ഞ ശാന്തതയാണു.
എനിക്കു നന്നായൊന്നുറങ്ങണം
ഒരു താരാട്ടിന്റെ ഈണത്തില്‍
‍അമര്‍ന്നു അങ്ങിനെ,അങ്ങിനെ,അങ്ങിനെ...

ഊരിയെറിയാനാവാത്ത
മുള്‍ക്കിരീടം പേറി
ഞാനും നില്‍ക്കയാണു.
നിന്നെ പോലെ പുഞ്ചിരിച്ചു...
വാര്‍ന്നൊഴുകുന്ന രക്തം തുടച്ചു
കണ്ണില്‍ സ്നേഹം നിറച്ചത്‌ അവനാണു.
കണ്ണില്‍ സ്നേഹം പടര്‍ന്നപ്പോള്
‍ഞാന്‍ മറന്നത്‌ എന്നേയും
ഈ ലോകത്തെയും
കണ്മഷി ഹൃദയത്തില്‍
ഒഴുകിയിറങ്ങുമ്പോള്
‍എനിയ്ക്കു പേടിയാണു.
ഈ ലോകത്തെ...
ആണയിട്ടുറപ്പിച്ചാലും
ചാഞ്ചാടുന്ന വിധിയുടെ
അദ്രിശ്യഹസ്തത്തെ...
ഞാന്‍ സംശയിക്കുന്നു...
നിന്റെ പ്രണയത്തിന്റെ അസ്തിത്വത്തെ
കാമത്തിന്റെ വിളയാട്ടം കണ്ടു
മഞ്ഞളിച്ച കണ്ണുകള്‍ക്കു
ഒക്കെ പേടിയാണു....

Friday, June 6, 2008

മൂന്നു ലഹരികള്‍

ജീവിതത്തില്‍ മൂന്ന് ലഹരികള്
‍വീഞ്ഞിന്റെ ,പ്രേമത്തിന്റെ,കവിതയുടെ
മൂന്നിനും വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളുമുണ്ടു.
മൂന്നും നിങ്ങള്‍ക്ക് തരുന്നത്
നൈമിഷിക ആനന്ദം.
വേലിയേറ്റങ്ങള്‍ നിങ്ങള്‍
സ്വപ്നങ്ങള്‍ തരുന്നു.
അറിയാതെ ഊറിവരുന്ന
പുഞ്ചിരികള്‍ തരുന്നു.
നിങ്ങള്‍ നീറ്ക്കുമിളക്കുള്ളിലാവുന്നു.
അതിന്റെ അസ്തിരത മറന്നു പോവുന്നു.
അതിനു പുറത്തെ നിറങ്ങളെ
സ്നെഹിക്കാന്‍ തുടങ്ങുന്നു.

അതിന്റെ വേലിയിറക്കം
നിങ്ങളെ ഭൂമിയിലെത്തിക്കുന്നു.
പഴയ സത്തയിലേക്കുള്ള
തിരിച്ചു പോക്കാവുന്നു.
നിറഞ്ഞ ദുഖങ്ങളുടെ
ഘോഷയാത്രയാവുന്നു.
പിന്നേയും പിന്നേയും
ലഹരിക്കു വേണ്ടിയുള്ള
കാത്തിരിപ്പാവുന്നു...