Monday, January 28, 2008

ചീത്ത വാര്‍ത്തകള്‍..

ചീത്ത വാര്‍ത്തകള്‍ക്ക്

കാലുകളല്ല ,ചിറകുകളാണുള്ളത് . ..

അവ പറന്നെത്തുന്നു...

കാതുകളില്‍ നിന്നും കാതുകളിലേക്ക് ...

പൊടിപ്പും തൊങ്ങലും ആയി ...

ആടകളും തോരണങ്ങളുമായി...

വേശ്യകളെ പോലെ

കടുത്ത നിറക്കൂട്ടുകളുമായി അവ വരുന്നു...

ഒളി കണ്ണാലെ നോക്കി ആസ്വദിച്ച്

നിങ്ങള്‍ ശാപവചനങ്ങള്‍ ഉതിര്‍ക്കുന്നു...

പക്ഷെ അവ ജൈത്ര യാത്ര തുടരുകയാണ്‌...

കാതുകളില്‍ നിന്നും കാതുകളിലേക്ക്...

Monday, January 7, 2008

കഥകള്‍

കടന്നു പോവുന്ന പകലുകളുടെ

സഞ്ചി നിറയെ കഥകളാണ്.

സ്വപ്നങ്ങളെ പറ്റി,

യാഥാര്‍ത്ഥ്യങ്ങളെ പറ്റി,

കടിഞ്ഞാണില്ലാത്ത മോഹക്കുതിരകളെ പറ്റി,

കണ്ണില്‍ നിന്നൂ‌ര്‍ന്നു വീഴുന്ന

കടലിന്റെ രുചിയുള്ള,

നിന്റെ ഓര്‍മ്മയുടെ കയ്പുള്ള

നിലാത്തുള്ളികളെ പറ്റി,

കവിളില്‍ അരുണിമ പരത്തുന്ന

സുന്ദരാനുഭവങ്ങളെ പറ്റി,

ശു‌ന്യതയ്ക്ക് നിറം കറുപ്പെന്നു

അനുഭവിച്ചറിയിച്ച രാത്രികളെ പറ്റി

എങ്ങോ പതിയിരിക്കുന്ന

കറുത്ത മുഖവും വെളുത്തപല്ലുമുള്ള

മരണത്തെ പറ്റി,

നെഞ്ഞിന്കൂട് പിളര്‍ക്കുന്ന

വേദനയെ പറ്റി,

കത്തിയെരിയുന്ന ജഠരാഗ്നിയെ പറ്റി,

എല്ലാം കഥകളാണ്...

പലവര്‍ണത്തിലുള്ള കഥകള്‍....

Tuesday, January 1, 2008

എന്റെ ഗീതാഞ്ജലി... നിനക്കായ്‌

1

നീ എനിക്ക് ശബ്ദമാണ്‌

അകലങ്ങളില്‍ നിന്നും ഒഴുകി എത്തുന്നു;

ശംഖിനുള്ളിലെ കടലിരമ്പം പോലെ..

കാതോര്‍ത്തിരുന്നാല്‍ അതു കേള്‍ക്കാം

ഇരുട്ടിലെ കാലന്‍ കോഴിയുടെ കരച്ചില്‍

അവഗണിച്ച് ഞാന്‍ കാതോര്‍ത്തിരിക്കുന്നു ...
2
നീ ആഴക്കടലാണ്

ശാന്തത തോന്നിപ്പിക്കുന്ന പരപ്പ്

വിഷസര്‍പ്പങ്ങളും ചുഴികളും

ഒളിപ്പിക്കുന്ന കണ്കെട്ടുകാരന്‍

അതില്‍ ഞാന്‍ തേടുന്ന മുത്തുകളും

നീലയുടെ അഗാധത

നിന്നിലേക്കു നോക്കുമ്പോള്

ഞാന്‍ മൊഴിയറ്റവളാകുന്നു...

3

ഈ തണുത്തിരുണ്ട രാത്രികളിലെ

കമ്പിളിപ്പുതപ്പാണു നീ

ഇമകള്‍ക്കിടയിലെ നീര്‍മുത്തു നീ

നീ ഒരു ചിരാതിന്റെ വെളിച്ചം

നീ ഒരു ധ്രുവനക്ഷത്രം

ഞാന്‍ നിന്നെ

കണ്മഷിയായി കണ്ണിലണിയുന്നു...

4

നീ അരുതുകളുടെ കൂമ്പാരം

ഞാന്‍ നിന്നിലേക്കു ചേക്കേറിയത്‌

വജ്രങ്ങളെ മോഹിച്ച്‌ ...

പക്ഷേ ഈ കന‌ല്‍കട്ട

എന്റെ കൈ പൊള്ളിച്ചുവല്ലൊ...

ഒറ്റപെടുത്തുന്ന കുറ്റബോധം

കൈയുടെ നീറ്റല്‍‍,

പിന്നെ നെഞ്ചിലേക്കും പടരുന്നു.

ഒന്നു പുലരാന്‍ ഞാന്‍ കാത്തിരിക്കുന്നു

5

നീയെന്ന വീഞ്ഞു കുടിച്ചു

ഞാന്‍ കവിതകളുടെ

ദിനരാത്രങ്ങള്‍ ആഘോഷിക്കുന്നു.

മുപ്പത് വെള്ളിക്കാശിനു

നീ എന്നെ പണയപ്പെടുത്തുമെന്നറിയാം:

എന്നാലും എന്റെ മത്തു പിടിച്ച

രാത്രികള്‍ക്ക് കൂട്ടിരിക്കാന്‍ നീ മാത്രം;

ഞാന്‍ ഉന്മാദലഹരിയില്‍ പൊട്ടിച്ചിരിക്കുന്നു .

നിന്റെ പുഞ്ചിരിയില്‍

പ്രണയത്തിന്റെ വേലിയേറ്റം

നിന്റെ പരിഭവത്തില്‍

കണ്ണീരിന്റെ വേലിയിറക്കം

ഞാന്‍ നിന്നെ കവിതകളില്‍ ആഘോഷിക്കുന്നു

6

നീ എനിക്കൊരു മരുപ്പച്ചയാണ്

ഈ കയ്പു കുടിച്ചു മടുക്കുമ്പോള്‍

മുമ്പിലെത്തുന്ന ജീവാമൃതം.

നീ അടുക്കുംതോറും അകലുന്ന പ്രഹേളിക

ജീവിക്കാന്‍ കാരണം തിരയുന്ന

എനിക്ക് നീ ഒരു തിളങ്ങുന്ന നക്ഷത്രം.

ഞാന്‍ നിറഞ്ഞ ശൂന്യത.

എന്റെ സ്നേഹമെല്ലാം

നീ കയ്ക്കലാക്കി കഴിഞ്ഞിരിക്കുന്നു ...

7

നീ അരുതുകളുടെ മണിമുഴക്കം

നീ മധുരിക്കുന്ന പ്രിയ സ്വപ്നം

നീ ഓര്‍മകളിലെ നനവ്‌

നീ സ്വപ്നങളുടെ കുപ്പിവളക്കൂട്.

മഞ്ഞളിക്കുന്ന സത്യത്തില്‍

നിന്റെ കറുത്ത മുഖം

എന്നിട്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നു

ഹൃദയച്ചിമിഴില്‍ ഒളിപ്പിക്കുന്നു ....